Trending

ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളുകളുടെ ലയനം: ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.


ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളും ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും തമ്മിൽ ലയിപ്പിച്ച് ഒറ്റ വിദ്യാലയമായി പ്രവർത്തിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2027-28 അധ്യയന വർഷം മുതലാണ് ലയനം പ്രാബല്യത്തിൽ വരിക. സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഒരു മാതൃകാ വിദ്യാലയമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

1982-ൽ ഭൗതിക സാഹചര്യങ്ങളുടെ പരിമിതി മൂലം വിഭജിച്ച ബോയ്സ്, ഗേൾസ് സ്കൂളുകളെ വീണ്ടും ഒന്നാക്കുന്നതിലൂടെ മികച്ച പഠന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സർവോദയം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിവേദനത്തെ തുടർന്ന് സമർപ്പിച്ച വിദ്യാഭ്യാസ ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

അധികം വരുന്ന ഹെഡ്മാസ്റ്റർ, അധ്യാപക തസ്തികകൾ 2026-27 തസ്തിക നിർണ്ണയ വേളയിൽ ക്രമീകരിക്കും. കൂടാതെ ഒരു ക്ലർക്കിനെയും 2 ഓഫീസ് അറ്റൻഡന്റുമാരെയും താമരശ്ശേരി ഡി.ഇ.ഒ ഓഫീസിലേക്ക് മാറ്റും. ലയനത്തോടെ ബാലുശ്ശേരി സ്കൂളിലെ വിശാലമായ ഗ്രൗണ്ട്, നിർമ്മാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം, ഇന്നൊവേഷൻ ലാബ്, ഫിറ്റ്നസ് സെന്റർ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടും. 

ലയനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഏകദേശം 6.3 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്ത രീതിയിലാണ് പദ്ധതിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post