Trending

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ കുടുങ്ങും; ആഭരണങ്ങളിൽ ‘സോൾഡ്’ രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ.


ന്യൂഡൽഹി: മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളുടെ വിൽപ്പന തടയാനും ആഭരണങ്ങളുടെ തിരിച്ചറിയൽ കോഡ് ദുരുപയോഗം ചെയ്യാതിരിക്കാനും പുതിയ കർശ്ശന വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ. പുതിയ പദ്ധതി പ്രകാരം സ്വർണ്ണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം ഇനി മുതൽ ‘സോൾഡ്’ (Sold) എന്നുകൂടി രേഖപ്പെടുത്തേണ്ടി വരും. ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (HUID) നമ്പറിന് നേരെയാകും ഇത് രേഖപ്പെടുത്തുക.

പുതിയ സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ:
• എച്ച്.യു.ഐ.ഡി. (HUID) ടാഗിങ്: നിലവിൽ സ്വർണാഭരണങ്ങൾക്ക് 6 അക്ക അക്ഷരസംഖ്യ (Alphanumeric) രൂപത്തിൽ നമ്പർ നൽകുന്നുണ്ട്.

• ‘സോൾഡ്’ രേഖപ്പെടുത്തൽ: ആഭരണം വിൽക്കുമ്പോൾ ജ്വല്ലറികൾ അവരുടെ സിസ്റ്റത്തിൽ പ്രസ്തുത ഹാൾമാർക്കിന് നേരെ ‘സോൾഡ്’ എന്ന് രേഖപ്പെടുത്തണം.

• അനധികൃത ഉപയോഗം തടയൽ: ഒരിക്കൽ വിറ്റതായി രേഖപ്പെടുത്തിയ ഒരു എച്ച്.യു.ഐ.ഡി നമ്പർ, പിന്നീട് മറ്റൊരു ആഭരണത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പു നൽകും.

• പരിശോധന എളുപ്പമാകും: പുനർവിൽപ്പനയ്ക്കായി എത്തുന്ന പഴയ സ്വർണത്തിന്റെ എച്ച്.യു.ഐ.ഡി പരിശോധിക്കുന്നതിലൂടെ, അത് മോഷ്ടിച്ചതാണോ അതോ യഥാർത്ഥ ഉടമയുടേതാണോ എന്ന് ജ്വല്ലറിക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.

ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ.
• ആധികാരികത ഉറപ്പാക്കാം: ബി.ഐ.എസ് കെയർ (BIS Care) ആപ്ലിക്കേഷനിലൂടെ വാങ്ങുന്ന ആഭരണത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും ഉപഭോക്താക്കൾക്ക് നേരിട്ടു തന്നെ പരിശോധിക്കാം.

• പൂർണ്ണ സുതാര്യത: വിൽക്കുമ്പോൾ നൽകുന്ന ബില്ലിൽ എച്ച്.യു.ഐ.ഡി നമ്പറും, സ്വർണ്ണത്തിന്റെ തൂക്കവും കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ ഓരോ ആഭരണവും എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകും.

പദ്ധതി നടപ്പിലാക്കുന്നത് ഘട്ടംഘട്ടമായി.
ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾക്കാകും ഈ സംവിധാനം നിർബന്ധമാക്കുക. തുടർന്ന് രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലയിലേക്കും അസംഘടിത മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. രാജ്യത്തെ 800 ജില്ലകളിൽ പകുതിയോളമിടങ്ങളിൽ നിലവിൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിമാസം ശരാശരി ഒരു കോടിയിലധികം ആഭരണങ്ങളാണ് ഇപ്പോൾ ഹാൾമാർക്ക് ചെയ്യുന്നത്. രാജ്യത്തെ സ്വർണാഭരണ ഡിമാൻഡും വിൽപ്പനയും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ സുരക്ഷാ വ്യവസ്ഥകൾ നടപ്പാക്കുന്നത്.

Post a Comment

Previous Post Next Post