Trending

കുതിച്ചുയർന്ന് നേന്ത്രക്കായ വില, കർഷകർക്ക് ആശ്വാസം; ഓണത്തിന് സെഞ്ചുറിയടിക്കുമോ..?


കോഴിക്കോട്: ഓണമടുത്തതോടെ നേന്ത്രക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും നേന്ത്രക്കായ വില നൂറ് കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽ നിന്ന് 35 രൂപയ്ക്ക് വാങ്ങിയിരുന്ന ചിപ്പ്‌സ് നിർമാതാക്കൾക്ക് ഇക്കുറി 65-75 രൂപക്കാണ് കിട്ടുന്നത്.

മഴയുടെ കൂടുതലും വേനൽച്ചൂടും കാറ്റും കാരണം തമിഴ്‌നാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞത് വില കൂടാൻ കാരണമായി. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഇടുക്കി, വയനാട് ജില്ലകളിൽ നിന്നും മറ്റു ജില്ലകളിലേക്ക് കായ കാര്യമായി എത്തുന്നില്ല. മൂപ്പെത്തിയ നേന്ത്രക്കായയുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണം. ഒരാഴ്ച മുമ്പ് വരെ 45-50 രൂപയായിരുന്ന നേന്ത്രക്കായയ്ക്കും പഴത്തിനും വില ഇപ്പോൾ 80-85 ആണ്. കർഷകരിൽ നിന്ന് മൊത്ത വിൽപ്പനക്കാർ നേരിട്ട് വാങ്ങുന്നത് 65-70 രൂപ നിരക്കിലാണ്.

ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയതാണ് ഭൂരിഭാഗം കർഷകരും. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കൃഷിയെ സാരമായി ബാധിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം കായയുടെ വിലയിടിഞ്ഞതിനാൽ ഒരുപാട് കർഷകർ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി. ഇക്കുറി തോട്ടത്തിൽ കായ ഇഷ്ടം പോലെ ഉണ്ടെങ്കിലും മൂപ്പെത്തിയിട്ടില്ല. പൊതുവേ എല്ലായിടത്തും കായയുടെ വരവ് കുറവാണ്. എത്തുന്നത് ചിപ്പ്‌സ് ഉണ്ടാക്കുന്നവർ വാങ്ങും.

Post a Comment

Previous Post Next Post