മലപ്പുറം: മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് മരിച്ചത്. ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവച്ചതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവനമാർഗ്ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ നേരിട്ട് സമീപിച്ചപ്പോൾ നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദികൾ മോട്ടോർ വാഹന വകുപ്പ് ആണെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ പത്ത് മാസമായി ഏജന്റ് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇനി എന്റെ മുമ്പിൽ മറ്റുമാർഗങ്ങളില്ല. അടുത്ത ഇര നിങ്ങളാവരുത് എന്നുണ്ടെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങിത്തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ ചെയ്യേണ്ടത്. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ജീവനൊടുക്കാനുള്ള തീരുമാനം. ഓട്ടോയിൽ സ്റ്റീൽ വർക്ക് ഉണ്ടെന്നും പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നാണ് അവസാന ആഗ്രഹം.'- ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വാഹനം നിരത്തിലിറക്കാൻ സാധിക്കാതെ വന്നതോടെ വരുമാനം പൂർണ്ണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇത് തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിട്ടെന്നും യുവാവ് കുറിപ്പിൽ പറയുന്നു. തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷം തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നുണ്ട്.
സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ചെയ്ത സ്റ്റീൽ വർക്കിന്റെ പേരുപറഞ്ഞ് വാഹനം അൺഫിറ്റാണെന്ന് വരുത്തി തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും എന്നാൽ മുൻപ് രണ്ടുതവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ഷൗക്കത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.