കോഴിക്കോട്: നബികീർത്തനങ്ങളുടെ ഈണവും ആഘോഷങ്ങളുടെ നിറപ്പകിട്ടുമായി ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501ആം ജന്മദിനമാണ് ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുലർച്ചെ നാല് മണിയോടെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീർത്തനങ്ങളായ മൗലീദ് പാരായണത്തിന് തുടക്കമായി.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കും. നബിദിന സന്ദേശറാലികളിൽ മത, സാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. റബീഉൽ അവ്വൽ മാസം അവസാനിക്കുന്നതുവരെ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ മീലാദ് ആഘോഷങ്ങൾ തുടരും. എല്ലാ വായനക്കാർക്കും നബിദിനാശംസകൾ.