കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആക്രിക്കടയിലുണ്ടായ സംഘർഷത്തിൽ നാലു പേർക്ക് പരിക്കേറ്റു. പഴയ സ്കൂട്ടർ വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തമിഴ്‌നാട് സ്വദേശിയും കടയുടമയുമായ മുത്തുകുമാർ, മണികണ്ഠൻ, ശരവണൻ, സുധാ മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു വാഹനങ്ങളിലായെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് നാലംഗ സംഘം പഴയ സ്കൂട്ടറിന് തുക ഉറപ്പിച്ച് കച്ചവടം നടത്തി തിരികെ പോയതായിരുന്നു. എന്നാൽ രാത്രി 9.15 ഓടെ ഇവർ മടങ്ങിയെത്തി കടയ്ക്കാരനോട് തന്ന പണം പോരെന്ന് പറഞ്ഞു. അപ്പോഴേക്കും സ്കൂട്ടർ പകുതിയിലേറെ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. കടക്കാരൻ പറ്റില്ലെന്ന് പറഞ്ഞതോടെ സംഘം തർക്കത്തിലാവുകയും തുടർന്ന് അടിപിടിയിലും കലാശിക്കുകയായിരുന്നു.
അതിനിടെ സംഘത്തിൽപ്പെട്ട ഒരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തി പരിക്കേൽപ്പിച്ചു. തലയ്ക്കും ചെവിയുടെ ഭാഗത്തുമാണ് ഇയാൾക്ക് പരിക്കേറ്റത്. പിടിച്ചുമാറ്റാനുള്ള ശ്രമത്തിൽ കടയിലെ മറ്റ് രണ്ടു പേർക്കും പരിക്കേൽക്കുകയായിരുന്നു. പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിലാണ് സംഭവം.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പരിക്കേറ്റതിനാൽ ഇവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ആക്രമികൾ ഓടിരക്ഷപ്പെട്ടു. കൊയിലാണ്ടി പോലീസ് സഥലത്തെത്തി അന്വേഷണം ആരംഭിച്ചു.