Trending

ബൈക്കിൽ കാറിടിച്ച് റോഡില്‍ തെറിച്ചു വീണ വിദ്യാർത്ഥി മറ്റൊരു കാറിടിച്ച് മരിച്ചു.


എലത്തൂർ: ദേശീയപാത ബൈപ്പാസിൽ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. ചേമഞ്ചേരി കാപ്പാട് സ്വദേശി റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25-ഓടെയായിരുന്നു അപകടം. 

കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയിൽ വന്ന കാറും ഇടിച്ചു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡിൽ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുൾപ്പെടെ ആരും തിരിഞ്ഞു നോക്കിയില്ല.

തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയ ശേഷമാണ് ഫർസീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസുമെത്തി. 11.10-ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു.

മെഡിക്കൽ കോളേജിനു സമീപത്തെ ട്രിപ്പിൾ ഇ കോളേജിലെ ഒന്നാംവർഷ സി.എ വിദ്യാർത്ഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്ടശേഷം കാപ്പാടുള്ള തറവാട്ടുവീട്ടിൽ വല്യുമ്മയെക്കണ്ട് കോളേജിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം താമസിക്കുന്നത്. ഉമ്മ: റംസീന. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന. മൃതദേഹം ഗവ. മെഡിക്കൽകോളേജ് മോർച്ചറിയിൽ. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post