കോഴിക്കോട്: സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രകാശം പരത്താൻ വീണ്ടുമൊരു തിരുവോണം കൂടി. ഇക്കുറി അത്തം തുടങ്ങി 11ാം ദിവസമാണ് തിരുവോണം എത്തുന്നത്. പൂക്കളമൊരുക്കിയും സദ്യയൊരുക്കിയും ഓരോ വീടും തിരുവോണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിവസങ്ങളായി മഴയാണെങ്കിലും ആഘോഷത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം നേരത്തേ നടത്തിയിരുന്നു. ഓർഡർ ചെയ്തുള്ള ഓണസദ്യയ്ക്ക് ആവശ്യക്കാർ ഏറെയാണ്. രണ്ടുകൂട്ടം പായസവും 20-ലധികം കറികളുമൊക്കെയായി വീട്ടിലെത്തും സദ്യ. ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയുമെല്ലാം ഓണാഘോഷത്തെ മഴ കാര്യമായി ബാധിച്ചു.
ഉത്രാടപ്പാച്ചിലിന് നഗരങ്ങളിൽ മുൻവർഷങ്ങളിലേത് പോലെ തിരക്കുണ്ടായില്ല. ചൊവ്വാഴ്ച നബിദിനമായതിനാൽ പല വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. വാഹനങ്ങളും കൂടുതലായി എത്തിയില്ല. രാവിലെ മുതൽ തിമിർത്ത് പെയ്ത മഴ ഓണവിപണയിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിനെ ഇല്ലാതാക്കി. എന്നാൽ ഇടയ്ക്കിടെ വെയിലുദിച്ച സമയങ്ങളിൽ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. വഴിയോര കച്ചവടക്കാർക്ക് സ്റ്റോക്ക് എത്തിച്ചതിൽ പാതിയും ബാക്കി. പൂവില്പനക്കാർ വലിയ നഷ്ടത്തിന്റെ കണക്ക് പറഞ്ഞാണ് മടങ്ങുന്നത്. പൊതുവേ ഓണക്കാലത്ത് നടക്കാറുള്ള കച്ചവടം ഇക്കുറിയുണ്ടായില്ലെന്ന് വ്യാപാരികളെല്ലാം പറയുന്നു.