ബാലുശ്ശേരി: ക്ഷീര വികസന വകുപ്പിന്റെ 2026-27 വർഷത്തെ ഡീപ്ലക്സി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിൽ ഡെയറി പ്രൊമോട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ പ്രതിഫല വ്യവസ്ഥയിലാണ് നിയമനം. കുറഞ്ഞത് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്. 01-01-2026 പ്രകാരം 18 വയനും 45 വയനും ഇടയിലാണ് പ്രായപരിധി. ഡെയറി പ്രൊമോട്ടർമാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ച് വർഷത്തെ വയസിളവ് അനുവദിക്കുന്നതാണ്. അപേക്ഷകർ അതത് ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരായിരിക്കണം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 2026 സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുൻപായി ബന്ധപ്പെട്ട ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക സെപ്റ്റംബർ 8ന് വൈകുന്നേരം അഞ്ചു മണിക്ക് അതാത് ബ്ലോക്കുകളിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെട്ടവർക്കായി 2026 സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ബാലുശ്ശേരി ബ്ലോക്കിന്റെ ഇന്റർവ്യൂ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്. ഇതിനായി പ്രത്യേക അറിയിപ്പുകൾ അയക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ പേര് 2026 സെപ്റ്റംബർ 15ന് വൈകുന്നേരം 5 മണിക്ക് മുഖ്യമായി പ്രസിദ്ധീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ അതാത് ക്ഷീര വികസന ഓഫീസർക്ക് മുൻപാകെ നിർദ്ദിഷ്ട മാതൃകയിൽ കരാർ പത്രിക നൽകേണ്ടതും നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.