Trending

ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ; പൂനൂർ പുഴ കരകവിഞ്ഞു, പലയിടത്തും ഗതാഗത തടസ്സം, ക്യാമ്പുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം.

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. പൂനൂർ പുഴ കരകവിഞ്ഞു ഒഴുകുന്നതിനെ തുടർന്ന് മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. പൂനൂർ-കട്ടിപ്പാറ റോഡിലെ കുണ്ടത്തിലും, പൂനൂർ- മഠത്തുംപൊയിൽ റോഡിലെ ഞേറപൊയിലിലും വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മഠത്തുംപൊയിൽ വാഹനങ്ങളിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.

മേഖലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൂനൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപാറ, മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. കൊയിലാണ്ടി-ബാലുശ്ശേരി റൂട്ടിൽ കണയംകോട് പാലത്തിന് വടക്ക് ഭാഗത്ത് മരം പൊട്ടി സംസ്ഥാനപാതയിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

ശക്തമായ മഴയെ തുടർന്ന് ദേശീയപാത (NH-766) ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറി. ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്. അതിനാൽ ഇതുവഴി പോകേണ്ട യാത്ര ശ്രദ്ധിക്കുക. വയനാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കൈതപ്പൊയിലിൽ നിന്നും നോളജ്സിറ്റി വഴി കോടഞ്ചേരിയിലൂടെ കോഴിക്കോട് നഗരത്തിലെത്താം. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ ഇതുവഴി വയനാട് ഭാഗത്തേക്ക് കടന്നു പോകാവുന്നതാണ്.

പുതുപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയിൽ ബഡ്സ് സ്കൂളുകളാണ് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൽ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പുതുപ്പാടി പഞ്ചായത്ത് അറിയിച്ചു.

ചുരം മേഖലയിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുള്ളതിനാൽ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കണക്കിലെടുത്ത് ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുകയോ പുറത്തിറങ്ങി നിൽക്കുകയോ ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Post a Comment

Previous Post Next Post