കോഴിക്കോട്: സംസ്ഥാനത്ത് സവാളയ്ക്ക് പൊള്ളുന്ന വില. ഓണാഘോഷങ്ങൾ അവസാനിച്ചിട്ടും സവാളയുടെ വില കുറയാത്തത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. ചില്ലറ വിപണിയിൽ നിലവിൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. പ്രധാന സവാള ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും വിള നാശവുമാണ് വില വർദ്ധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
കോഴിക്കോട് പാളയം മൊത്തവ്യാപാര മാർക്കറ്റിൽ 50 മുതൽ 55 രൂപ വരെയാണ് ഇന്നത്തെ വില. മൊത്തവ്യാപാര വില ഇത്തരത്തിലാണെങ്കിലും ചില്ലറ വിപണിയിലെത്തുമ്പോൾ ഗതാഗതച്ചെലവും മറ്റ് ലാഭവിഹിതവും ചേർത്ത് വില ഇനിയും ഉയരുന്നതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. അതേസമയം വില നിയന്ത്രിക്കുന്നതിന് സർക്കാർ ഇടുപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.