എലത്തൂർ: പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി (25) അറസ്റ്റിൽ. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് പ്രതിയെ എലത്തൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് 16കാരിയായ പെൺകുട്ടിയെ ലഹരിമരുന്ന് നൽകി വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്. ഈ സംഭവത്തിൽ കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് നഗരത്തിലെ പ്രാധാന ലഹരി വിൽപ്പനക്കാരനും ഗുണ്ടാത്തലവനുമാണ് ഇയാൾ.
കാപ്പ കേസടക്കം പ്രതിക്കെതിരെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം ഇയാളുടെ വീട്ടിൽ നിന്നും ആയുധങ്ങളടക്കം പിടികൂടിയിരുന്നു. പിന്നീട് ഒരു ലഹരിക്കേസുമായുള്ള അന്വേഷണത്തിനിടെ വാഹനം ഉപേക്ഷിച്ച് ഇയാൾ പോലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ബത്തേരിയിലെ ഹോട്ടലിൽ ഒളിച്ചു താമസിക്കുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്.