കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് റോഡിൽ മനമേലിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി തെക്കേ കൊല്ലന്റെകണ്ടി ശ്രീനിലയം ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. മനമേൽ ഭാഗത്തുവെച്ച് KL56 AA 3856 നമ്പർ ബൈക്കും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലുമുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥയ്ക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ തീർത്ഥയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ മരണം സംഭവിച്ചു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.