അസ്താന: ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയാകാൻ അനിൽ മേനോൻ. ഇന്ത്യൻ സമയം 8.17ന് ആണ് പാലക്കാട്ടുകാരൻ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. അനിൽ മേനോനൊപ്പം രണ്ട് റഷ്യക്കാരും യാത്രയിലുണ്ട്. പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് രണ്ടുപേർ.
സോയൂസ് പ്രോഗ്രസ് പേടകം രാത്രി 11.30 കഴിയുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കപ്പെടുകയും അർദ്ധരാത്രി ഒരു മണിയോടെ കവാടങ്ങൾ തുറക്കുകയും ചെയ്യും. ഏകദേശം എട്ടു മാസത്തോളം ബഹിരാകാശത്ത് കഴിഞ്ഞതിന് ശേഷമാണ് അനിൽ നായർ തിരികെയെത്തുക. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. അമ്മ ഉക്രൈന്‍ സ്വദേശിയാണ്.
സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു അനിൽ. യുഎസ് വ്യോമസേനയിൽ കേണലുമായിരുന്നു. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അനിൽ മേനോൻ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്നാ മേനോനാണ് ഭാര്യ.