തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ശംസുദ്ദീൻ അറിയിച്ചു. പരീക്ഷാഫലം വൈകുന്നതുമൂലം നിരവധി വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. പരീക്ഷ നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.
കോളേജുകളിൽ ഡിഗ്രി ക്ലാസുകളടക്കം ആരംഭിച്ചിട്ടും ഫലം വരാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള അപേക്ഷാ സമയവുമായി ബന്ധപ്പെട്ടും വലിയ ആശങ്കകളാണ് ഉയരുന്നത്. ഫലം വൈകുന്നത് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന ആക്ഷേപവും ശക്തമാണ്.