വടകര: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. വടകര പുത്തൂർ സ്വദേശിയായ ശശി, വടകര ഇളയടം സ്വദേശിനിയായ അജിത എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ വടകര ജില്ലാ ആശുപത്രിക്ക് സമീപം വീടിനോട് ചേർന്നുള്ള മതിൽ പുനർനിർമ്മിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ശശിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
നേരത്തെ തകർന്ന മതിൽ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന ശശിയുടെയും അജിതയുടെയും ദേഹത്തേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ഇരുവരും കല്ലുകൾക്കിടയിൽ കുടുങ്ങിയതോടെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തു. ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അജിതയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.