Trending

കോടതി പരിസരത്ത് അപകടം ആവര്‍ത്തിക്കുന്നു; ഡിവൈഡറുകള്‍ അപകടക്കെണിയാകുന്നതായി ആക്ഷേപം.


കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി കോടതിക്ക് സമീപം ഡിവൈഡറുകള്‍ അപകടക്കെണിയാകുന്നതായി ആക്ഷേപം. ശനിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയിൽ വന്ന ബസ്സിന് മുന്നിലേക്ക് തെന്നിമാറി. ഭാഗ്യവശാല്‍ ആളപായമോ ഗുരുതര പരിക്കുകളോ ഉണ്ടായില്ല.

എന്നാല്‍, ഈ ഭാഗത്ത് സമാന അപകടങ്ങള്‍ പതിവാകുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഡിവൈഡറുകള്‍ വ്യക്തമായി കാണിക്കുന്ന സൈൻ ബോര്‍ഡുകളോ മുന്നറിയിപ്പ് സൂചനകളോ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. രാത്രി കാലങ്ങളില്‍ ഭാഗ്യംകൊണ്ടാണ് വാഹനയാത്രക്കാര്‍ ഇവിടെ രക്ഷപ്പെടുന്നത്.

ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഡിവൈഡറുകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ലക്ടറുകളും അടിയന്തരമായി സ്ഥാപിക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post