Trending

പുരുഷൻമാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധ നേടിയ സ്വകാര്യ ബസ്സിന് 7,500 രൂപ പിഴ.


കൊച്ചി: യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യയാത്ര പ്രഖ്യാപിച്ചതിൽ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ സ്വകാര്യ ബസ്സിനെതിരെ നടപടി. ഉച്ചനേരം സർവീസ് മുടക്കിയതിനാണ് ബസ്സിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തിയത്. എറണാകുളം മാഞ്ഞാലി- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ എന്ന ബസ്സിനെതിരെയാണ് എംവിഡി നടപടി എടുത്തത്. 

പുരുഷൻമാർക്ക് സൗജന്യ യാത്രയൊരുക്കി രംഗത്തെത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ പുരുഷൻമാർക്ക് സൗജന്യ യാത്രയൊരുക്കിയ ബസ്സിന് പിന്നീട് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉച്ചയ്ക്ക് 2.30നുള്ള ബസ് സർവീസ് നിറുത്തിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർവീസ് മുടങ്ങിയതെന്ന് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു. 

കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് എംവിഡി അറിയിച്ചു. ഉച്ച നേരത്ത് സർവീസ് നടത്താത്തിനെതിരെ ഓൺലൈൻ വഴി യാത്രക്കാരുടെ പരാതി ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പിഴ ചുമത്തിയതെന്നും എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post