കോഴിക്കോട്: സംസ്ഥാനത്ത് കോഴിത്തീറ്റ വില കുത്തനെ ഉയരുന്നത് കോഴി കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വർധനവുണ്ടായതോടെ നിലവിൽ ഫാമുകളിൽ എത്തുമ്പോൾ 2,500 രൂപവരെയാണ് വില. ഈ സാഹചര്യത്തിൽ കോഴിവളർത്തൽ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും വിലവർദ്ധന തുടരുകയാണെങ്കിൽ മേഖല വിട്ടു പോകേണ്ടിവരുമെന്നുമാണ് ചെറുകിട കർഷകരുടെ ആശങ്ക.
ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവ ഉൾപ്പെടുന്ന തീറ്റയാണ് കോഴി വളർത്തലിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം 40 ദിവസം കോഴിക്കുഞ്ഞുങ്ങളെ വളർത്തിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. സാധാരണ മൂന്നു കിലോ തീറ്റ നൽകിയാൽ രണ്ടു കിലോ തൂക്കമുള്ള കോഴി ലഭിക്കുമെങ്കിലും, അടുത്തിടെ തീറ്റയുടെ ഗുണനിലവാരം കുറഞ്ഞതോടെ പ്രതീക്ഷിച്ച വളർച്ച ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഇതോടെ ഉൽപാദനച്ചെലവും വർധിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്പ് 2,000 മുതൽ 2,020 രൂപവരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റ ഇപ്പോൾ 2,500 രൂപയായി ഉയർന്നിട്ടുണ്ട്. ഇത്രയും ഉയർന്ന ചെലവിൽ കോഴിവളർത്തൽ ലാഭകരമല്ലാത്തതിനാൽ നിരവധി കർഷകർ ഉത്പാദനം കുറയ്ക്കുകയോ കൃഷി അവസാനിപ്പിക്കുകയോ ചെയ്യുകയാണ്. ഇതോടെ വൻകിട കമ്പനികളുടെ സ്വാധീനം ഈ മേഖലയിൽ വർധിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. കമ്പനികൾ നൽകുന്ന കോഴിക്കുഞ്ഞുങ്ങളെ വളർത്തി തിരിച്ചുനൽകുന്ന രീതിയിലേക്ക് പലരും മാറേണ്ടിവരികയാണ്.
ഇതിലൂടെ ലഭിക്കുന്നത് വളരെ കുറഞ്ഞ കമ്മീഷൻ മാത്രമാണെന്നും അവർ പറയുന്നു. സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം ആളുകൾ നേരിട്ടും പരോക്ഷമായും കോഴിവളർത്തൽ മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മേഖലയിലെ തൊഴിലും ഉൽപാദനവും വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ. ഓണക്കാലത്ത് ചിക്കൻ വിപണിയിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ഉയർന്ന മുതൽമുടക്ക് കാരണം പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ പലരും തയ്യാറാകുന്നില്ല. ഇത് വിപണിയിൽ കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കാൻ ഇടയാക്കും.
നിലവിൽ കിലോയ്ക്ക് 250 രൂപക്ക് അടുത്താണ് ചിക്കന്റെ വില. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഓണക്കാലത്ത് ഇത് 400 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വില വർധിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ലെന്നും നിരവധി കർഷകർ ഉൽപാദനം കുറയ്ക്കുകയോ കോഴിവളർത്തൽ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്. കെ. നസീർ പറഞ്ഞു. പ്രശ്‌നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.