തലയാട്: തലയാട് ഇരുപത്തേഴാം മൈൽ വഴി കൂരാച്ചുണ്ട്, കക്കയം ഭാഗത്തേക്ക് എത്തിച്ചേരാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറ്റ കർഷകർ നിർമ്മിച്ച റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
80 വർഷത്തോളം പഴക്കമുള്ള ഈ റോഡിന് മൂന്നു കിലോമീറ്ററോളം നീളമുണ്ട്. എന്നാൽ, ഇതിൽ ഏകദേശം 500 മീറ്റർ ഭാഗം മാത്രമാണ് ടാറിങ് നടത്തിയത്. ശേഷിക്കുന്ന ഭാഗങ്ങൾ വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നുകിടക്കുകയാണ്.
മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ 27ാം മൈൽ ഭാഗത്തു നിന്ന് തലയാട്ടേയ്ക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയായി ഈ റോഡ് ഉപയോഗിക്കാനാകും. പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനും പരിഹാരമാകും.