കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജ് താത്ക്കാലികമായി അടച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. രോഗബാധിതരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്യാമ്പസിലെ ജല സംഭരണികൾ ക്ലോറിനേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം കോളേജിന് നോട്ടീസ് നൽകി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്യാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച് അണുനശീകരണം തുടങ്ങിയതായി കോളേജ് അധികൃതർ അറിയിച്ചു.
കോളേജ് കാമ്പസിലെ ജല സംഭരണികളിൽ നിന്നുള്ള വെള്ളമാണ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്. ഈ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.