Trending

ഗതാഗത രംഗത്ത് വൻ മാറ്റത്തിന് കെഎസ്ആർടിസി; സ്വകാര്യ ബസ്സുകളെ ഏറ്റെടുക്കാൻ നീക്കം.


തിരുവനന്തപുരം: പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. സ്വകാര്യ ബസ്സുകളെ പൊതുമേഖലാ സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കുന്ന മാതൃക നടപ്പാക്കാനാണ് ആലോചന. ‘പ്രിയദർശിനി’ സൗജന്യയാത്ര പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിനും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

കർണാടകയിലും, തെലങ്കാനയിലും വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്. പദ്ധതിപ്രകാരം സ്വകാര്യ ബസുകൾക്ക് കെഎസ്ആർടിസി നിശ്ചിത വാടക നൽകും. ഡ്രൈവർമാരുടെ ശമ്പള ചുമതല ബസ്സുടമകൾക്കായിരിക്കുമ്പോൾ, കണ്ടക്ടർമാരെ നിയമിക്കുക കെഎസ്ആർടിസിയായിരിക്കും. ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ കെഎസ്ആർടിസി ഏറ്റെടുക്കും. പദ്ധതി യാഥാർത്ഥ്യമായാൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉറപ്പാക്കാനാകും എന്നാണ് വിലയിരുത്തൽ. കൂടാതെ യാത്രാനിരക്കുകളിൽ അനിയന്ത്രിത വർദ്ധനവ് ഒഴിവാക്കി ജനങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള സേവനം ലഭ്യമാക്കാനാവും.

വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കുറഞ്ഞുവരുന്ന വരുമാനവുമാണ് സ്വകാര്യ ബസ്സുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. അതിനാൽ നിരക്ക് വർദ്ധനവും, നികുതി ഇളവുകളും അവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുതിയ മാതൃകയിൽ ദിവസ വരുമാനത്തേക്കാൾ സ്ഥിരമായ വാടക ലഭിക്കുന്നതിനാൽ സ്വകാര്യ ബസ്സുടമകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം വരുമാനം കുറഞ്ഞുവെന്ന ബസ്സുടമകളുടെ പരാതികൾക്കും ഇതിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ.
• സർക്കാരിന് പുതിയ ബസുകൾ വാങ്ങാൻ വലിയ നിക്ഷേപം വേണ്ടിവരില്ല.
• യാത്രാനിരക്കുകളും കൺസെഷൻ നിരക്കുകളും കൂടുതൽ ക്രമബദ്ധമായി നിശ്ചയിക്കാം.
• പൊതുഗതാഗത സേവനങ്ങളുടെ ഏകോപനം ശക്തമാകും.
• കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ കണ്ടക്ടർ തസ്തികകൾ സൃഷ്ടിക്കപ്പെടും.
• ഗ്രാമീണ മേഖലകളിലേക്കും സേവന വ്യാപനം എളുപ്പമാകും.

Post a Comment

Previous Post Next Post