അടിവാരം: താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നേരെ വടിവാൾ വീശി കാർ യാത്രികൻ്റെ ആക്രമം. സഞ്ചരികളുടെ സ്കൂട്ടറിൻ്റെ മുൻഭാഗം വെട്ടിപ്പൊളിക്കുകയും ചെയ്തു. ചുരം എട്ടാം വളവിൽ വെച്ച് ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നാലു സ്കൂട്ടറുകളിലായി വയനാട്ടിലേക്ക് വിനോദയാത്ര പോയി തിരികെ വരുന്ന എട്ടംഗ സംഘത്തിൽപ്പെട്ട ഒരു സ്കൂട്ടർ ഇയാളുടെ കാറിനു പിന്നിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമം.
ചുരം ഒൻപതാം വളവിൽ വെച്ചായിരുന്നു സ്കൂട്ടർ കാറിൽ ഉരഞ്ഞത്, അവിടെ വെച്ച് പറഞ്ഞു തീർത്ത് ഇറങ്ങുന്ന അവസരത്തിൽ വീണ്ടും കാർ പിന്നാലെ വന്ന് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന കാർ സഡൺ ബ്രേക്ക് ഇട്ടതിനാലാണ് പിന്നിൽ ഉരഞ്ഞതെന്നും എന്നാൽ യാതൊരു കേടുപാടും സംഭവിച്ചില്ലെന്നും യുവാക്കൾ പറയുന്നു. എട്ടാം വളവിൽ വെച്ച് തടഞ്ഞു നിർത്തിയ ശേഷം കാറിൽ സൂക്ഷിച്ച വടിവാളുമായി എത്തിയ അക്രമി യുവാക്കളിൽ ഒരാളുടെ കഴുത്തിന് നേരെ വാൾ വീശുകയും സ്കൂട്ടർ വെട്ടിപ്പൊളിക്കുകയുമായിരുന്നു.
സ്കൂട്ടർ യാത്രികരായ മടവൂർ സ്വദേശി അൻവറിനും സുഹൃത്ത് മുഹമ്മദിനും നേരെയായിരുന്നു അക്രമം. മുഹമ്മദയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇരുവരും താമരശ്ശേരി പോലീസിൽ പരാതി നൽകി. പരാതിക്കൊപ്പം അക്രമി സഞ്ചരിച്ച കാറിൻ്റെ KL 75B 2526 എന്ന നമ്പറും പോലീസിന് കൈമാറിയിട്ടുണ്ട്. കഴുത്തിന് നിസാര പരിക്കേറ്റ അൻവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.