Trending

സംസ്ഥാനത്ത് വീണ്ടും നിപ്പ; സ്ഥിരീകരിച്ചത് കോഴിക്കോട് ഫറോക്ക് സ്വദേശിക്ക്.


കോഴിക്കോട്: കോഴിക്കോട് നാൽപ്പത്തൊന്നുകാരന് നിപ്പ സ്ഥിരീകരിച്ചു. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്ന ഫറോക്ക് സ്വദേശിക്കാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനായ ഇയാൾ, ഫറോക്കിലുള്ള ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജ് ആവുകയും ചെയ്തിരുന്നു. 

എന്നാൽ പിന്നീട് ഇയാൾക്ക് ബോധക്ഷയമടക്കം ഉണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിഡ്രോവൽ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡി-അഡിക്ഷൻ സെന്ററിലും കൊണ്ടുപോയെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. സാമ്പിള്‍ എന്‍ഐവി പുണെയിലേക്കും അയച്ചു. അവിടെ നിന്നും സ്ഥിരീകരണം ലഭിക്കണം.

രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.

Post a Comment

Previous Post Next Post