അത്തോളി: കുളത്തിൽ നീന്തികുളിക്കുന്നതിനിടെ അത്തോളി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. അത്തോളി കൊങ്ങന്നൂർ പൊയിലിൽ നിതീഷ്-ശ്രീഷ്മ ദമ്പതികളുടെ മകൻ വിഗ്നേഷ് (16) ആണ് മരിച്ചത്. തിരുവങ്ങൂർ നരസിംഹ മൂർത്തി പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തെ പൊതുകുളത്തിൽ ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.
സഹപാഠികളായ വേളൂർ സ്വദേശികളായ നാലുപേരോടൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിഗ്നേഷ്. നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി വിഗ്നേഷ് കുളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ ജയിച്ച ശേഷം പ്ലസ്‌വൺ പ്രവേശനത്തിന് കാത്തിരിക്കെയാണ് പതിനാറുകാരൻ്റെ അപ്രതീക്ഷിത വിയോഗം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ നിതീഷ് വിദേശത്താണ്. സഹോദരങ്ങൾ: യാദവ് (മൂന്നാം ക്ലാസ് കൊങ്ങന്നൂർ എഎൽപി സ്‌കൂൾ), യാഷ് വി (2 വയസ്). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ നടക്കും.