Trending

ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം; നടപടി നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ.


ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ കർശ്ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. 

മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾക്കും പൂട്ടിട്ടു. അതേസമയം, ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.

നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പർ വില്പനയ്ക്കെന്ന് വ്യാപക പ്രചാരണ ഉയർന്നതിനെ തുടർന്ന് വിദ്യാർത്ഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്രസർക്കാരിൻ്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസി (NTA) യുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയുടെ സുതാര്യതയോ സുഗമമായ നടത്തിപ്പിനെയോ തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post