കോടഞ്ചേരി: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലാണ് അപകടം. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയാണ് ഷബീൽ.
കൂട്ടുകാരായ രണ്ടുപേര്‍ക്ക് ഒപ്പമായിരുന്നു ഷബീല്‍ പതങ്കയത്ത് എത്തിയത്. കൂട്ടുകാര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയെങ്കിലും ഷബീല്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും പിന്നീട് മുക്കം പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മുക്കം അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും ഷബീലിന്റെ മൃതദേഹം ലഭിച്ചിരുന്നു.