കുറ്റ്യാടി: സ്കൂട്ടറിനകത്ത് പെരുമ്പാമ്പ് കയറിയതിനെ തുടർന്ന് യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നരമണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി മണക്കാട്ടുപൊയിൽ നൗഫൽ ആണ് പെരുമ്പാമ്പ് മൂലം കുറ്റ്യാടി ചുരത്തിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
തൊട്ടിൽപ്പാലത്തു നിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നൗഫൽ. ചുരം വ്യൂ-പോയിന്റിനടുത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് കാട്ടിൽ നിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആ നിമിഷത്തിലെ വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ നൗഫൽ സ്കൂട്ടറിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. വീണിടത്ത് നിന്നും എഴുന്നേൽക്കുന്നതിനിടെയാണ് സ്കൂട്ടറിൽ പാമ്പ് കയറിക്കൂടിയത് ശ്രദ്ധയിൽപ്പെട്ടത്.
ആളുകൾ എത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്കുള്ളിലേക്ക് കയറി കൂടിയിരുന്നു. വിളിച്ചറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി. എന്നാൽ, എത്ര പണിപ്പെട്ടിട്ടും പാമ്പിനെ പിടികൂടാൻ സാധിച്ചില്ല. ഇതോടെ വാഹനത്തിന്റെ ബോഡി പൂർണമായി അഴിച്ചു. ആളുകളെല്ലാം ചേർന്ന് ബോഡി അഴിച്ച് പാമ്പിനെ പിടിച്ചപ്പോഴേയ്ക്കും അർധരാത്രി ഒരുമണി പിന്നിട്ടിരുന്നു. കുറ്റ്യാടി പാറക്കടവിലെ ചിക്കൻസ്റ്റാളിൽ ജീവനക്കാരനാണ് നൗഫൽ.