കണ്ണൂർ: കോഴിക്കോട് ഡിഎച്ച്ക്യൂയിലെ പോലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ. കാക്കൂർ പുന്നശ്ശേരി സ്വദേശി ശാമിൽ റഹ്മാൻ (31) ആണ് മരിച്ചത്. കണ്ണൂർ ആറളത്താണ് സംഭവം. സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയതായിരുന്നു ശാമിൽ.
കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് രാവിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് ബുള്ളറ്റ് ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് അപകടത്തിൽ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പുന്നശ്ശേരി കുന്നത്ത് അബ്ദുൽ സലാമിന്റെയും ഷറീനയുടെയും മകനാണ്. ഭാര്യ: ഫാത്തിമ മാജിത (എളേറ്റിൽ വട്ടോളി). മകൾ: ആയിഷ ഇസ്ലിൻ (2) സഹോദരൻ: ഷഹൽ മാലിക് (യൂറോപ്പ്). പൊതുദർശനം തിങ്കളാഴ്ച വൈകീട്ട് കാരക്കുന്നത്ത് പള്ളി ഗ്രൗണ്ട്, ഖബറടക്കം കാരക്കുന്നത്ത് ജുമാ മസ്ജിദിൽ.