Trending

എം.എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടർ.


കോഴിക്കോട്: ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ലാ കളക്ടറായി സ്ഥാനമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകൾ, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും. മഴക്കാല മുന്നൊരുക്കങ്ങൾ, ദേശീയപാത, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികള്‍ എന്നിവയ്ക്ക് മുൻഗണന നല്‍കും. മുന്‍ ജില്ലാ കളക്ടര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനശൈലി പിന്തുടരും. അവര്‍ പ്രാവർത്തികമാക്കിയ മികച്ചെ ഭരണനടപടികളും പദ്ധതികളും മാതൃകയാക്കും. ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജില്ലാ കലക്ടറായിരിക്കെയാണ് കോഴിക്കോട് കളക്ടറായി സ്ഥലം മാറ്റം. എറണാകുളം അസി. കളക്ടര്‍, തിരുവനന്തപുരം സബ്. കളക്ടര്‍, കോഴിക്കോട് ജില്ലാ വികസന കമ്മീഷണര്‍ (ഡി.ഡി.സി) ആരോഗ്യ-കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍, സൈബര്‍ പാര്‍ക്ക് സിഇഒ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 

കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ പഠനം പൂര്‍ത്തിയാക്കിയ അവര്‍ പബ്ലിക് മാനേജ്മെന്റ്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. അച്ഛന്‍ സൂര്‍ദാസ് സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ കെ മിനി ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്നു. ഏക സഹോദരന്‍ കൃഷ്ണനുണ്ണി സിഎസ്‌ഐആറില്‍ ഉദ്യോഗസ്ഥനാണ്.

Post a Comment

Previous Post Next Post