ന്യൂഡൽഹി: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനി, ഞായർ അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധികൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഏതായാലും ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്.
ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മാനേജ്‌മെൻ്റിൻ്റെ ഉറപ്പിന്‍മേലാണ് പണിമുടക്ക് പിൻവലിച്ചത്. സര്‍ക്കിള്‍ മാറിയുള്ള ട്രാന്‍സ്ഫര്‍ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജീവനക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇവയെല്ലാം വൈകാതെ പരിഗണിക്കുമെന്ന ഉറപ്പാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇന്നും നാളെയും അവധിയാണെങ്കിലും തിങ്കളും ചൊവ്വയും സാധാരണ നിലയിൽ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും.