Trending

ഫിഫ ലോകകപ്പ്; ദൂരദർശനും കൈയൊഴിഞ്ഞു, കളി കാണാനാവില്ലെന്ന നിരാശയിൽ ഇന്ത്യൻ ആരാധകർ.


ന്യൂഡൽഹി: പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തി പ്രസാർ ഭാരതിയുടെ പിന്മാറ്റം. വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ദൂരദർശനിലൂടെ വേൾഡ് കപ്പ് മത്സരങ്ങൾ തത്സമയം കാണാമെന്ന അവസാന പ്രതീക്ഷയും മങ്ങി.

ജൂൺ 12 മുതൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫുട്ബോൾ മാമാങ്കം ഇന്ത്യയിൽ ഏത് ചാനലിലാണ് കാണാനാവുക എന്നതിൽ ഇപ്പോഴും കടുത്ത അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ 2022 ഖത്തർ വേൾഡ് കപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി പേരാണ് കളി കണ്ടത്. വേൾഡ് കപ്പ് ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (8.4 കോടി ടിവി പ്രേക്ഷകർ). എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായിക രംഗത്തെ അത്ഭുപ്പെടുത്തിയിരിക്കുകയാണ്.

ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ വേൾഡ് കപ്പിൽ മാറ്റുരയ്ക്കുന്നത്. മൂന്നു രാജ്യങ്ങളിൽ 16 നഗരങ്ങളിലായി ജൂൺ 12 മുതൽ ജൂലൈ 20 വരെയാണ് ടൂർണമെൻ്റ് നടക്കുന്നത്. മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിയ്ക്ക് മുമ്പായി തുടങ്ങുന്നത്. ശേഷിക്കുന്ന 72 മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിയ്ക്ക് ശേഷമായിരിക്കും. 

ജൂലൈ 20ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ്. ഇത്രയും വൈകി കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകൾ കോടികൾ മുടക്കി സംപ്രേഷണാവകാശം വാങ്ങാൻ മടിക്കുന്നത്. വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ സ്പോർട്സ് ചാനലുകളോ ഡിജിറ്റൽ ഭീമന്മാരോ അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

Post a Comment

Previous Post Next Post