കോഴിക്കോട്: ഭക്ഷണത്തിനൊപ്പം നൽകിയ മീൻ കറിയിൽ നിന്ന് മുറിവിൽ കെട്ടുന്ന ബാൻഡേജ് കിട്ടിയ ഹോട്ടൽ പൂട്ടിച്ച് കോർപ്പറേഷൻ. അരയിടത്തുപാലം ബേബി മെമ്മോറിയൽ ആശുപത്രിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന എം.എം റസ്റ്റോറന്റാണ് ആരോഗ്യവിഭാഗം അടച്ചുപൂട്ടിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ ബന്ധുവിനോടൊപ്പം വന്ന യുവാവ് ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയായിരുന്നു മീൻ കറിയിൽ നിന്ന് ബാൻഡേജ് ലഭിച്ചത്. തുടർന്ന് യുവാവ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ ദിലീപ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി ഷൈലേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.