താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത ശേഷം ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. പിന്നീട് രഹസ്യമായി വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു രേഖപ്പടുത്തിയ പ്രതിയായ ഷാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾ മറ്റു പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എലത്തൂർ എസ് ഐ ബിജു പ്രണവം, എസ്.സിപിഒമാരായ രൂപേഷ്, നിജിലേഷ്, സിപിഒമാരായ ലജിഷ, ലാമിയ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.