കണ്ണൂർ: വിവാഹ ദിവസം പ്രതിശ്രുത വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരിയിലാണ് സംഭവം. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസുദ്യോഗസ്ഥനായ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ഇന്നലെ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അർധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന് ഫോൺ വന്നു. നവവധുവാണ് വിളിച്ചതെന്ന് ഷബിന്റെ ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി കതകടച്ചു.
ഇന്ന് പുലർച്ചെ 4.45ന് മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിനു പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്‌സ്, ശ്രീചന്ദ് ആശുപത്രി കണ്ണൂർ).