കണ്ണൂർ: കണ്ണൂർ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ (9) ആണ് മരിച്ചത്. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമാണ് അപകടം. മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.
വി.ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇവിടെ ബാക്കി വന്ന പടക്കം ഒരു സ്ഥലത്ത് സൂക്ഷിച്ചുവച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ഈ സമയം കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു.
പടക്കത്തിലെ വെടിമരുന്ന് ശേഖരിച്ച് കുട്ടികൾ വീണ്ടും നിറച്ച് തീക്കൊളുത്തി എറിഞ്ഞതാണ് അപകടഫത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു. തീകൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയതത്രെ. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.