Trending

വി.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍; 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു.


തിരുവനന്തപുരം: കേരളക്കരയിൽ ഇനി വിഡിഎസിന്റെ പുതുയുഗം. സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിന്റെ 24ാംമത്തെ മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ മറ്റു 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നരക്കോടി മലയാളികളുടെ പ്രതിനിധികളായി സെൻട്രൽ സ്റ്റേഡിയത്തിൽ അണിനിരന്ന ജനലക്ഷങ്ങളെ സാക്ഷിനിർത്തിയാണ് വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന വി.ഡി സതീശൻ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. 21 അംഗ മന്ത്രിസഭയിൽ മറ്റു മന്ത്രിമാരായി പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂപ് ജേക്കബ്, എ.പി അനിൽ കുമാർ, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ ജനീഷ്, കെ.എ തുളസി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, വി.ഇ അബ്ദുൾ ഗഫൂർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.

Post a Comment

Previous Post Next Post