കോഴിക്കോട്: വാണിജ്യ പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചതിലുള്ള പ്രതിഷേധമായി ഹോട്ടലുകൾ നാളെ അടച്ചിടും. മേയ് 6ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ & റെസ്റ്റോറന്‍റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
എൽപിജി നിയന്ത്രണം ഹോട്ടൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വില വർദ്ധനവ് കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 3,000 കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.