അടിവാരം: ശക്തമായ മഴയിൽ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് മരങ്ങൾ മുറിഞ്ഞുവീണു. തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവിൽ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചുരം മേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചുരം വഴിയുള്ള യാത്രകൾ ഒഴിവാക്കുകയോ ഇതര വഴികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. വഴിയിൽ കുടുങ്ങിയ യാത്രക്കാർ ജാഗ്രത പാലിക്കുക.