തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വർ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ കാര്യം അദ്ദേഹം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്തു.
സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പോലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കും. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, 2026 ആഗസ്റ്റ് 31ന് കാലാവധി അവസാനിക്കാനിരുന്ന എല്ലാ പിഎസ്‌സി റാങ്ക് ലിസ്റ്റുകളും നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്‌സിക്ക് നിര്‍ദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളെ തുടർന്ന് നിയമനങ്ങള്‍ വൈകിയ സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി അവ വിവിധ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കുമെന്നും വി.ഡി സതീശൻ പറഞ്ഞു. 'വിഷന്‍ 2031' എന്ന പേരില്‍ സമഗ്ര വികസന പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 1 മുതല്‍ സംസ്ഥാനത്ത് നൂറുദിന കര്‍മ്മ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.