ചാമരാജനഗർ: കർണാടക ഗുണ്ടൽപേട്ടിന് സമീപം കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം സ്വദേശി മുനീർ (30), ഭാര്യമാതാവ് മുനീറ (45) മോഹിസ് സിദ്ദാന്‍ (മൂന്നര) എന്നിവരാണ് മരണപ്പെട്ടത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന KL 13 AW 2307 നമ്പറിലുള്ള കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വെച്ചും മൂന്നരവയസുകാരൻ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ നാലുപേരെ ചാമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.