Trending

കൊടുവള്ളിയിൽ നിന്നും വിനോദയാത്ര പോയ രണ്ടു വിദ്യാർത്ഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു.


കൊടുവള്ളി: കൊടുവള്ളിയിൽ നിന്നും വിനോദയാത്ര പോയ രണ്ടു വിദ്യാർത്ഥികൾ വയനാട്ടിലെ ബാവലി പുഴയില്‍ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദിനാന്‍ (17), പതിമംഗലം അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൽ ഹസ്വ ഇശാ അത് സുന്ന ദര്‍സ്സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സ്സില്‍ നിന്നും മൈസൂരിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവര്‍.

ഇന്ന് മൈസൂരിൽ നിന്നും കൊടുവളളിയിലേക്ക് തിരികെ പോകുന്നതിനിടയിൽ മാനന്തവാടി തിരുനെല്ലി ബാവലി മഖാം സന്ദർശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് മുബഷീർ വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ നീന്തലറിയാവുന്ന ആഷിഖും, അദിനാനും രക്ഷിക്കാനായി ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പറഞ്ഞു. 

തുടർന്ന് മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post