ചേളന്നൂർ: ദിവസേനയെന്നോണം ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പകൽ സമയത്തെ പുറം ജോലികൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പഞ്ചായത്തിൻ്റെ ഈ അടിയന്തര ഇടപെടൽ. രാവിലെ 11 മണി മുതൽ വൈകീട്ട് 3 വരെ ജോലി ചെയ്യുന്നത് കർശ്ശനമായി വിലക്കി.
സ്വയം തൊഴിൽ ചെയ്യുന്നവർക്കും തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവർക്കും ഈ അറിയിപ്പ് ബാധകമാണ്. അന്തരീക്ഷ താപനില ഉയരുന്നതിനാൽ സൂര്യാഘാതം തടയാൻ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.