തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീടുകളിൽ എത്തിക്കുന്നതാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ശനിയാഴ്ചയും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില (41°C) വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ (40°C) വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ (38°C) വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ (37°C) വരെയും തിരുവനന്തപുരം ജില്ലയില്‍ (36°C) വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 4 to 5°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിച്ചു.