Trending

കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിൽ സ്ഫോടനം; 2 പേർ മരിച്ചു, 2 പേർക്ക് പരിക്ക്.

കുന്ദമംഗലം: കുന്ദമംഗലം കുരിക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. വീട്ടുടമസ്ഥൻ രാഹുലും ഇയാളുടെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്തുണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി 9.30 ഓടെ കുരിക്കത്തൂർ റേഷൻ ഷാപ്പിന് സമീപമുള്ള പടിഞ്ഞാറെ കുളിമയിൽ വാടകവീട്ടിലാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയ നിലയിലായിരുന്നു. വീട് ഭാഗികമായി തകരുകയും അയൽ വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറുകയും ചെയ്തിട്ടുണ്ട്.

വിഷു വിപണി ലക്ഷ്യമിട്ട് നടത്തിയ അനധികൃത പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനം. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായി കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീം അറിയിച്ചു. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെടിമരുന്നും പെട്ടിയിലാക്കി സൂക്ഷിച്ച നിലയിൽ പടക്കങ്ങളും സ്ഫോടനം നടന്ന വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പലഹാര നിർമ്മാണത്തിനെന്ന പേരിൽ അഞ്ചു മാസം മുൻപ് വാടകയ്ക്കെടുത്ത വീട്ടിലാണ് പടക്കനിർമ്മാണം നടന്നത്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ ഭീതി നിലനിൽക്കുകയാണ്. ഫയർഫോഴ്സും പോലീസും ചേർന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. കൂടുതൽ സ്ഫോടകവസ്തുക്കൾ വീട്ടിലുണ്ടോ എന്നറിയാൻ ബോംബ് സ്ക്വാഡും സ്ഥലത്തെത്തും.

Post a Comment

Previous Post Next Post