താമരശ്ശേരി: പൂനൂരിൽ യുവാവിനെ തോക്കുചൂണ്ടി മർദ്ദിച്ചതായി പരാതി. പൂനൂർ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ (18)ന് നേരെയാണ് തോക്കു ചൂണ്ടിയത്. പൂനൂർ ചീനിമുക്കിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കൾക്കൊപ്പം പൂനൂർ ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ദിൽഷാൻ, ഇതിനിടയിൽ സുഹൃത്തുക്കളിൽ ഒരാളായ ലാമിഷിനെ മറ്റൊരാൾ മർദ്ദിക്കുന്നത് കണ്ടു, ഉടൻ ഇരുവരേയും അവിടെ നിന്നും പിടിച്ചു മാറ്റി. ഇതിൽ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയിൽ "ആൽക്കിമിസ്റ്റ് " എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസിൽ ലത്തീഫ് തൻ്റെ അരയിൽ സൂക്ഷിച്ച തോക്ക് എടുത്ത് ദിൽഷാന് നേരെ ചൂണ്ടുകയായിരുന്നു. പിന്നീട് അവിടെ നിന്നും കാറിൽ സ്ഥലം വിട്ട സംഘം അൽപസമയത്തിന് ശേഷം കൂടുതൽ ആളുകളെയും കൂട്ടി കാറുകളിൽ എത്തുകയും വീണ്ടും ദിൽഷാൻ്റെ സുഹൃത്തുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഇവരെ സ്ഥലത്തു നിന്നും പറഞ്ഞു വിട്ടു.
ദിൽഷാൻ തൻ്റെ കാറിൽ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വർക്ക്ഷോപ്പിൽ ആളെ കാണാനായി എത്തുകയും, അവിടെ നിന്നും മടങ്ങി വരുന്ന അവസരത്തിൽ താമരശ്ശേരി മിനി ബൈപ്പാസിൽ വെച്ച് തൻ്റെ മറ്റൊരു സുഹൃത്തിനെ കണ്ട് കാർ നിർത്തുകയും ചെയ്തു. ഇതുകണ്ട് സമീപത്തെ തൻ്റെ സ്ഥാപനത്തിൻ്റെ സമീപം നിൽക്കുകയായിരുന്ന ബസിൽ ഓടി വന്ന് കാറിൻ്റെ ഡോർ തുറന്ന് ഇടതു വശത്തെ ചെവിക്കും, തലയ്ക്കും ക്രൂരമായി അടിച്ചതായും, വീട്ടിൽ എത്തി വിവരം പറഞ്ഞ് സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും ദിൽഷാൻ പറഞ്ഞു. തോക്ക് ചൂണ്ടിയ ബാസിലുമായി തനിക്ക് യാതൊരു മുൻപരിചയവും ഇല്ലെന്നാണ് ദിൽഷാൻ പറയുന്നത്.
പ്ലസ്‌ടു പരീക്ഷ കഴിഞ്ഞ് തുടർ പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് ദിൽഷാൻ. സംഭവം സംബന്ധിച്ച് താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനു വേണ്ടിയാണ് പരസ്പരം തർക്കമുണ്ടായത്, തോക്കുമായി നടക്കുന്നത് എന്തിനാണ് എന്നടക്കമുളള കാര്യങ്ങളെല്ലാം അന്വേഷണശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.