Trending

അസഹനീയമായ ദുർഗന്ധം; പരിശോധിച്ചപ്പോൾ കിണറിൽ കണ്ടത് ചത്ത പുളളിപ്പുലിയും കാട്ടുപന്നിയും.


കൂടരഞ്ഞി: കൂടരഞ്ഞി ജനവാസ മേഖലയിലെ കിണറിൽ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം കണ്ടെത്തി. കൂടരഞ്ഞി കൂമ്പാറയിൽ പുളിക്കൽ ഔസേപ്പച്ചൻ്റെ വീട്ടുവളപ്പിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃഗങ്ങളെ ചത്ത് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. കിണറിലേക്ക് വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കൂമ്പാറ തോടിനടുത്ത് വാഹനം കഴുകാൻ ഏതാനും പേർ എത്തിയിരുന്നു. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ ഇവർ പരിസരങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സമീപത്തെ കിണർ പരിശോധിച്ചപ്പോഴാണ് ദുർഗന്ധം അതിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലായത്. പിന്നീട് ടോർച്ച് ഉൾപ്പെടെയുള്ള വെളിച്ചം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ കിണറിൽ പുലിയുടേയും കാട്ടുപന്നിയുടേയും ജഡങ്ങൾ കണ്ടെത്തുകയായിരുന്നു.

വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ പ്രദേശത്ത് ഏറെക്കാലമായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പല തവണ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post