കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. ബ്രാഞ്ച് കമ്മിറ്റി അംഗം മുല്ലക്കൊടി അരിമ്പ്ര സ്വദേശി പി.പി പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് പ്രകാശനെ കുത്തിയത്. പരുക്കേറ്റ പ്രകാശനെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സാരമായ പരുക്കേറ്റിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആശുപത്രിയിൽ സന്ദർശനം നടത്തി. ഇന്നലെ വൈകീട്ട് പോളിംഗിന് ശേഷമായിരുന്നു അക്രമം.
അതേസമയം കോൺഗ്രസുകാർ പരാജയഭീതിയിൽ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നത്. തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ പോയ വ്യക്തിയാണ് ആക്രമണത്തിനിരയായത്. ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതാവ് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.