തിരുവമ്പാടി: തിരുവമ്പടി ആനക്കാംപൊയിലിൽ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഓട്ടോ ഡ്രൈവറായ പുത്തൻപുരയ്ക്കൽ ഷിജുവും (48), ഭാര്യ ബിൻസി (42) യുമാണ് മരിച്ചത്. പുല്ലൂരാംപാറ റോഡിൽ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിലാണ് അപകടം നടന്നത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തിരുവമ്പാടിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ഷിജുവിന്റെ ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയെ ജോലി സ്ഥലത്ത് രാവിലെ കൊണ്ടുവിടുന്നതിനിടെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചു മറിയുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികൾ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർത്ഥികൾ). നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.