ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്‌ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. നൂറോളം പേർ ചേർന്ന് നടത്തിയ നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽ നിന്ന് കുട്ടിയെ കാണാതാകുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെയും ബാബാബുഡാൻ ഗിരികുന്നിന്റെയും ഭാഗത്ത് വെച്ചാണ് കുട്ടിയെ കാണാതായത്.
മേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ വ്യാഴാഴ്ച തെൽമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്ന് മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്നും 1500 അടി താഴ്‌ചയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.